Flyers

Back

പ്രകൃതി സംരക്ഷണ /സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ 2019-20 റിപ്പോർട്ട്

Created on 2020-02-24 01:04 AM
ഹിൽ ബ്ലൂംസ്  സ്‌കൂൾ , മാനന്തവാടിയിൽ നടക്കുന്ന പ്രകൃതി സംരക്ഷണ /സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ 2019-20 അദ്ധ്യയന വർഷത്തെ  റിപ്പോർട്ട് .
A. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ
ഈ വർഷത്തെ (2019 -2020 ) പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുഖ്യ ലക്ഷ്യം : നമ്മുടെ ജില്ലയേയും സംസ്ഥാനത്തേയും കാർബൺ ന്യൂട്രൽ ആക്കാനുള്ള പ്രവർത്തനങ്ങൾ.
1. രണ്ടു പുതിയ ഓഫ് ഗ്രിഡ് സോളാർ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു.  ഓരോന്നും 6 .2 kWh ശേഷിയുള്ളവയാണ്. ആകെ 12 .4 kWh ഓഫ് ഗ്രിഡ് ഉൽപ്പാദനം സ്‌കൂളിനെ മുഴുവനായും പകൽ സമയം സൂര്യോർജത്തിൽ തന്നെ കഴിയാൻ പ്രാപ്ത്തരാക്കി. നേരത്തെയുള്ള 15 kWh ഓൺ ഗ്രിഡ് ഉൽപ്പാദനവും കണക്കിലെടുത്താൽ (ആകെ 27 .4 kWh ഉത്പാദന ശേഷി. ദിവസം നൂറു യുനിറ്റിലധികം ഉത്പാദനം. )സ്‌കൂളിന്റെയും സ്‌കൂളുമായി ബന്ധമുള്ള മുഴുവൻ കുടുംബങ്ങളുടെയും ആകെ  കാർബൺ ഫുട്പ്രിന്റ് മുഴുവനായും നെഗറ്റീവ് ആക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി ഹിൽ ബ്ലൂംസ് അടുത്തു .
കുട്ടികളുടെ പങ്ക്: 1 .  സോളാർ പാനലുകളുടെ കഴുകൽ. 2 . റീഡിങ് എടുക്കലും ലോഗ് എഴുത്തും. മുതിർന്ന കുട്ടികൾ അവരുടെ ഒരു ഫിസിക്സ് പ്രൊജക്റ്റ് ആയി സോളാർ വൈദ്യുതി ഉത്പാദനം പഠിക്കുന്നു.
2. വനവൽക്കരണം പദ്ധതി: ഫോറസ്ററ് ഫസ്റ്റ് എന്ന സംഘടനയുമായി സഹകരിച്ച് പതിനായിരം വൃക്ഷതൈകൾ പാകി മുളപ്പിച്ച് വയനാട്ടിലെ വനമേഖലയിൽ നടാനുള്ള ബൃഹുത്തായ പദ്ധതിയുടെ ആദ്യപടി നടന്നു. മുളപ്പിച്ച തൈകൾ കുട്ടികൾ പാക്കറ്റുകളിലേക്ക് മാറ്റി നട്ട്‌ പരിപാലിച്ചുകൊണ്ടിരിക്കുന്നു.
3. 2008  മുതൽ എല്ലാ വർഷവും ചെയ്യുന്നത് പോലെ ഈ വർഷവും സ്‌കൂളുമായി ബന്ധമുള്ള എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് പുനഃചംക്രമണത്തിനയച്ചു. പതിവുപോലെ ഈ വർഷവും പഞ്ചായത്ത് പ്രസിഡന്റ് രണ്ടു തവണ ഫ്ലാഗ് ഓഫ് ചെയ്യാനും കുട്ടികളെ അനുമോദിക്കാനും എത്തി.
4. സോളാർ ഊർജ്ജം ഉപയോഗിച്ചുള്ള ജലസംരക്ഷണ പദ്ധതി തുടരുന്നു: സ്‌കൂളിലെ കിണറുകളിൽ എല്ലാ വർഷത്തെയും പോലെ ജലം സുലഭം. ഈ പദ്ധതിയെപ്പറ്റി ഒരു റിപ്പോർട്ട്‌ ഇതോടൊപ്പം അയക്കുന്നു.
B. സാമൂഹ്യസേവന പ്രവർത്തനങ്ങൾ
സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ മുഖ്യ ലക്ഷ്യം : സ്‌കൂളിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള, പ്രളയകാലത്ത് സ്‌കൂളിലെ റിലീഫ് ക്യാമ്പിൽ താമസിച്ച എല്ലാ കുടുംബങ്ങളേയും സന്ദർശിക്കുക. അവരുടെ ജീവിതസാഹചര്യങ്ങളെപ്പറ്റി ബോധവാന്മാരാവുക. ഹിൽ ബ്ലൂംസ് സ്‌കൂൾ സിൽവർ ജൂബിലി ചാരിറ്റി ഫണ്ട്  ഉപയോഗിച്ച് കഴിയുന്നത് പോലെ ഇടപെടുക.
5. കുട്ടികളുടെ നേതൃത്വത്തിൽ  എല്ലാ വർഷവും സ്‌കൂളിൽ നടത്താറുള്ള ഗ്രീഷ്‌മോത്സവം ഈ വർഷവും നടത്തി. കുട്ടികളും അവരുടെ മാതാപിതാക്കന്മാരും നടത്തിയ ഫുഡ് സ്റ്റാളുകളിൽ നിന്നും മറ്റു സംരഭങ്ങളിൽ നിന്നും ലഭിച്ച മുഴുവൻ തുകയും ബാങ്കിൽ നിക്ഷേപിച്ചു. സ്‌കൂളിൽ പ്രളയകാലത്ത് റിലീഫ് ക്യാമ്പ് നടന്നപ്പോൾ പ്രളയബാധിതരെ സഹായിക്കാൻ വേണ്ടി പണം നൽകിയ സുമനസ്സുകളുടെ സംഭാവനകളിൽ ബാക്കി വന്ന തുകയും ഇതോടൊപ്പം വിനിയോഗിച്ചിട്ടുണ്ട്.
ഈ വർഷം താഴെപറയുന്ന കാര്യങ്ങളാണ് നടത്തിയത്.
(1 ) 4000 (നാലായിരം) രൂപ ചിലവിൽ നിർധന കുടുംബത്തിലെ വയോധികക്ക്‌ ടോയ്‌ലറ്റ് കസേര വാങ്ങി നൽകി.
(2 ) പ്രളയത്തിനെത്തുടർന്ന് വീടിനു കേടുപാടുകൾ പറ്റി അടുക്കള ചോർന്നൊലിക്കുന്നതു കൊണ്ട് അടുപ്പ് ഉപയോഗിക്കാൻ പറ്റാതെ  കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ മേൽപ്പുരയുടെ കേടുപാടുകൾ തീർത്തു കൊടുത്തു. ചെലവ് : 8000 രൂപ.
(3)100000 (ഒരു ലക്ഷം) രൂപ വീട് നഷ്ടപ്പെട്ട നിർധനർക്ക് വീട് വെച്ച് നൽകുന്ന സന്നദ്ധസംഘടനക്ക് കൈമാറി. കിട്ടുന്ന സംഭാവനകൾ മുഴുവൻ സേവനത്തിനായി മാത്രം ചെലവാക്കുന്ന (നടത്തിപ്പ് ചിലവുകൾ മുഴുവൻ സ്വന്തമായി വഹിക്കുന്ന ആളുകളുടെ) ഒരു സംഘടന ആണെന്ന് ഉറപ്പായത്തിനു ശേഷം മാത്രമാണ് ഈ തീരുമാനം.
 (3 ) 58000 (അമ്പത്തിയെണ്ണായിരം) രൂപ ചിലവ് ചെയ്ത് രണ്ട് ആദിവാസി കുടുംബങ്ങളിൽ സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയിരുന്ന  ഭവനനിർമാണപ്രക്രിയ വീണ്ടും തുടങ്ങി.
(4 ) പ്രളയകാലത്ത്  കിണർ ഇടിഞ്ഞു താഴ്ന്ന് ബുദ്ധിമുട്ടിലായിരുന്ന ഒരു നിർധന കുടുംബത്തിന് 60000 (അറുപതിനായിരം) രൂപ ചിലവിൽ കിണർ നിർമിച്ചു നൽകി.
6. മലയാള മരം , ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

Create Exam